Sunday, November 4, 2012

സുകുമാര്‍ അഴീകോട്



ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ സാംസ്കാരികമായി എങ്ങനെ ജീവിക്കരുത് എന്നതിന് തെളിവായി സുകുമാര്‍ അഴീകോടിന്‍റെ സാംസ്കാരിക ജീവിതത്തെ കാണാം.ഒച്ച വെച്ച് ഒച്ച വെച്ച് ഒച്ച മാത്രമായി.തോന്നുമ്പോള്‍ തോന്നിയപ്പോലെ  എല്ലാ തോണികളിലും കാല്‍ വെച്ച് പിണറായി വിജയനും രമേശ് ചെന്നിത്തലക്കും ഒരുപോലെ പ്രിയപ്പെട്ട വിമര്‍ശകനായി.ആ വിമര്‍ശനങ്ങള്‍ അവര്ക്ക് വിമര്‍ശനങ്ങള്‍ ആയില്ല. പകരം പൂവംപുകളായി.മീന്‍ ചാടിയാല്‍ ചട്ടിയോളം എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിച്ച വിമര്‍ശനങ്ങള്‍.ഒരു നിമിഷം വിമര്ശനം ,തൊട്ടടുത്ത നിമിഷം സ്തുതി എന്ന മട്ടില്‍ കേരളമെങ്ങും നിറഞ്ഞു.സൂക്ഷ്മ രാഷ്ട്രീയത്തിന്റെ അഭാവം പ്രഭാഷണങ്ങളെ പൊള്ള ചെണ്ടകളാക്കി.ഒന്നും ശ്രദ്ധിച്ചു പ്റഞ്ഞില്ല.പലപ്പോഴും അലസമായിപ്പറഞ്ഞു.അന്നന്നുകണ്ടതിനെ അന്നന്ന് കിട്ടുന്ന വേദികളില്‍ സ്തുതിച്ചു.വാഗ്ഭടാനന്തന്റെ ജീവിതത്തിലുടനീളം നിശിതമായ 'ഇന്‍റ്റഗ്രീറ്റി' ഉണ്ടായിരുന്നു.വാഗ്ഭടാനന്തന്റെ പാത പിന്തുടരുന്നു എന്നു നിരന്തരം പറഞ്ഞെങ്കിലും ആ 'ഇന്‍റ്റഗ്രീറ്റി' മിക്കവാറും കൈമോശം വന്നു.ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായി.അതുകൊണ്ടുതന്നെ നിലപാടുകള്‍ മാറിമറിഞ്ഞു.തുടര്‍വാദങ്ങളിലൂടെ ചെന്നെത്തേണ്ട വിമര്‍ശനത്തിന്റെ ആഴങ്ങള്‍ ഇല്ലാതായി.എല്ലാവരുടെയും വിമര്‍ശകനായി സ്വയം അവരോധിച്ചയാള്‍ തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളോട് ജനാധിപത്യപരമായ സഹിഷ്ണുത കാണിച്ചില്ല.ആധുനികത ,എഴുപതുകള്‍,അടിയന്തരാവസ്ഥ,, നവസാമൂഹികനവോത്ഥാന ശ്രമങ്ങള്‍,അങ്ങനെ കേരള ചരിത്രം രേഖപ്പെടുത്തിയ പലതും അഴീകോടിന്റെ  ചരിത്രത്തില്‍ ഇടം നേടാതെപോയി.(അതിന്റെ വിശകലനം വായനക്കാര്‍ക്ക് വിടുന്നു.)ബാബരിപ്രശ്നവും സൈലന്‍റ് വാലിയും മാത്രം അപവാദങ്ങളായി.ചിലപ്പോഴെങ്കിലും നിരസിച്ചതെല്ലാം സ്വീകരിച്ചു.പറഞ്ഞതെല്ലാം തിരിച്ചെടുത്തു.വിവാദങ്ങള്‍ തിന്ന് ചീര്‍ത്തുവീര്‍ക്കുകയും അതിനു പിന്നിലെ യാഥാര്ത്യങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുന്ന ചാനലുകള്‍ക്ക് അഴീകോട് ഇഷ്ടഭക്ഷണമായി.ഒന്നിന്‍ല്‍ നിന്നും അകലം പാലിക്കാതെ എല്ലാറ്റിലും ചെന്നു വീണ് വീണിടം വിദ്യയാക്കി.നിശബ്ദമായി കേസരിയോ എം.ഗോവിന്ദനോ സി.ജെ.തോമസ്സോ ഓ.വി.വിജയനോ ആനന്ദോ ആര്‍. രാമചന്ദ്രനോ എം.പി.ശങ്കുണ്ണി നായരോ മേതില്‍ രാധാകൃഷ്ണനോ പലതലങ്ങളില്‍ ഉണ്ടാക്കിയ ആഴമുള്ള ചലനങ്ങള്‍ എത്ര ആരവങ്ങളുയര്‍ത്തിയിട്ടും ,എത്ര കയ്യടികള്‍    ഉയര്‍ത്തിയിട്ടും അഴീകോടിന് സാദ്ധ്യമായില്ല.താരതമ്യങ്ങള്‍ക്കു അര്‍ഥമില്ലെങ്ങിലും താരതമ്യങ്ങള്‍ ചിന്തിക്കാന്‍ പ്രേരിപ്പികും എന്നതുകൊണ്ട് താരതമ്യം ചെയ്തു എന്നു മാത്രം. എ.കെ.ജി.സെന്ററില് പ്രസംഗിക്കുമ്പോള്‍ ഒരു അഴീകോട്.ഗീതാജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്യുമ്പോള്‍ മറ്റൊരാഴീകോട്.അക്കാദമിയില്‍ വേറൊരു അഴീകോട്......ഇങ്ങനെ ഒരാളില്‍നിന്ന് ഒരുപാടുപേര്‍ ,പരസ്പരവിരുദ്ധരായ  ഒരുപാട് കഥാപാത്രങ്ങള്‍ നിറഞ്ഞു കുഴഞ്ഞു മറിഞ്ഞ   ഒരു നാടകം പോലെയായിത്തീര്‍ന്നു അഴീകോടിന്റെ സാംസ്കാരികജീവിതം.സ്വാതന്ത്ര്യ സമരത്തിന്റെ ചൂടേറ്റു വാങ്ങിയ ഒരു തലമുറയുടെ പൊതുവായ നന്മകള്‍ അഴീകോടിലും ഉണ്ടായിരുന്നു.എന്നാല്‍ ആ നന്മകള്‍ പോലും ചാഞ്ചാട്ടങ്ങള്‍ നിറഞ്ഞ സാംസ്കാരിക ജീവിതത്തില്‍ എവിടെയോ മൂടപ്പെട്ടുപോയി.  വിമര്‍ശിക്കുന്നത് വിമര്‍ശിക്കുന്നയാളെ ആദരിക്കാനാണെന്നും അയാളുടെ യഥാര്ഥസ്വരൂപം വെളിവാക്കാനാണെന്നും അഴീകോട് ഒരിടെത്തെഴുതി.അഴീകോടിനെ വിമര്‍ശിക്കുന്നതും അങ്ങനെയെങ്കില്‍ ആദരിക്കുന്നതിന് തുല്യമാകുന്നു. ആരാധകര്‍ സദയം ക്ഷമിക്കുക.സുകുമാര്‍ അഴീകോടിന്റെ മരണം എന്നെ വേദന്‍പ്പിച്ചില്ല.     

No comments:

Post a Comment