Sunday, November 4, 2012

അണ്ണാ ഹസ്സാരെയുടെ ജനാവലി



ഒരു ജനാവലിയെ സംശയിക്കുന്നത് അവരുടെ പ്രതികരണങ്ങളെ മുന്നിര്ത്തിയല്ല.അവരെ സമഗ്രമായി നിരീക്ഷിച്ചു കൊണ്ടാണ്.അഴിമതി ഒരു വസ്തുതയായിരിക്കുകയും അഴിമതി തുടച്ചു നീക്കണമെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുകയും ചെയ്യുമ്പോള്‍ അതൊരു പൊതു വിഷയമായിത്തീരും.ഏതു പൊതു വിഷയവും ആപല്‍ക്കരമല്ലാത്ത്ത സമരാന്തരീക്ഷം സൃഷ്ടിക്കും.ആദര്‍ശാത്മകമായ മിഥ്യകള്കൂടി അതിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെടും .ആരവങ്ങള്‍ക്കിടയില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഈ ആദര്‍ശാത്മക മിഥ്യകളിലേക്കും ആപല്‍ക്കരമല്ലാത്ത്ത സമരമാര്‍ഗത്തിലേക്കും  ഇന്ത്യന്‍ മധ്യവര്‍ഗവും ഉപരിവര്‍ഗവും ഇത്ര സ്വാഭാവികമായി കടന്നു വരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം അസ്ഥാനത്തല്ല.ആ ചോദ്യം ചോദിക്കുന്നവര്‍ ഒരു ചെറിയ ന്യൂനപക്ഷമാണെങ്ങിലും.ഇതേ മധ്യവര്‍ഗവും ഉപരിവര്‍ഗവും തന്നെയാണ് ശ്രീ ശ്രീ രവിശങ്കരിന്റെയും അണ്ണാ ഹസ്സരെയുടെയും ബാബാ രാംദേവിന്റെയും എന്‍.ജി യോകളുടെ ചാരിറ്റബിള്‍  പാളയങ്ങളിലും തിങ്ങിക്കൂടുന്നതും ആര്പ്പുവിളിക്കുന്നതും.വിശാല ജനാധിപത്യ ബോധം ഇവര്‍ക്കുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ ഇന്നേ വരെ ഇടം കിട്ടിയിട്ടില്ലാത്ത ദളിതരോ ആദിവാസികളോ ഗ്രാമീണ കര്‍ഷകരോ കുടിയിറക്കപ്പെടുന്നവ്രോ സ്ത്രീകളോ  സാമൂഹിക നീതിക്ക് വേണ്ടിയോ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയോ നടത്തുന്ന സവിശേഷവും ആപല്‍ക്കരവുമായ സമരങ്ങളില്‍ എന്തുകൊണ്ടാണ് ഈ ജനാവലിയെ മഷിയിട്ടു നോക്കിയാലും കാണാതെ പോകുന്നത്.? ശ്രീ ശ്രീ രവിശങ്കരിന്റെയും ബാബ രാംദേവിന്റെയും ഹസ്സരെയുടെയും പൊടി പോലും കാണാത്തത്?നരേന്ദ്രമോഡി നടത്തിയ നരമേധത്തിനെതിരെ മതാതീതമായി ഉയര്‍ന്ന പ്രതിരോധ സ്വരങ്ങളില്‍ ഈ ജനാവലിയും  ,ഈ ജനാവലിയുടെ നായകന്മാരും നിശ്ശബ്രായതെന്തുകൊണ്ടാണ്.?വിശാലവും ജാതി -മതാതീതവുമായ ജനാധിപത്യ ബോധം വെച്ച് സൂക്ഷിക്കുന്ന ജനാവലിയാണെങ്ങില്‍ എല്ലാവിധ സാമൂഹിക അനീതിക്കുമെതിരായി രൂപപ്പെടുന്ന സമരങ്ങളില്‍ ഏതില്‍ നിന്നെങ്ങിലും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുമോ?സൂക്ഷ്മ തലത്തില്‍ പരിശോധിച്ച് കൊണ്ട് ഈ ജനാവലി യാഥാസ്ഥിതികവും പരംപരാഗതവും ഉപരിപ്ലവവുമായ  ദേശീയബോധവും ദേശസ്നേഹവുമാണ് വെച്ചുപുലര്ത്തുന്നതെന്ന് ഒരാള്‍ വാദിച്ചാല്‍ അത് പൂര്‍ണമായും തെറ്റാകുമോ?

മറ്റുള്ളിടങ്ങളില്‍ നടക്കുന്ന ജനസഞ്ചയ സമരങ്ങള്‍ പൊതുവേ ഏകാധിപത്യ ഭരണ കൂടങ്ങള്‍ക്കെതിരെയാണ് സംഭവിക്കുന്നത്‌.തികച്ചും ഹിംസാത്മകവും ചിലപ്പോഴെങ്കിലും സൈനികവുമായ ഇടപെടലാണ് ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.സമരക്കാരില്‍ ഒരുപാടുപേരുടെ ജീവന്‍ തെരുവില്‍ പൊലിയുന്നു.ഒരുപാടുപേര്‍ വെടിയേറ്റ്‌ വീഴുന്നു.ഇവിടെ സ്ഥിതി അതല്ല.ഭരിക്കുന്നത്‌ പേരിനെങ്കിലും ഒരു' ജനാധിപത്യ' സര്‍ക്കാരാണ്.അഞ്ചുവര്‍ഷം  കൂടുമ്പോള്‍ തിരഞ്ഞെടുപ്പെന്ന കടമ്പ കടക്കേണ്ടി വരുമെന്നറിയാവുന്ന സര്‍ക്കാര്‍.ജനാധിപത്യത്തോടുള്ള അതിരുകടന്ന പ്രേമം കൊണ്ടൊന്നുമല്ല,മറിച്ച് അഴിമതിക്കെതിരായി സര്‍വസമ്മതമായി ഉയര്‍ന്നു വരുന്ന വികാരത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത വെട്ടില്‍ പെട്ടിരിക്കുന്നു സര്‍ക്കാര്‍.അതുകൊണ്ട് തന്നെ ഹസ്സാരെയുടെ ജനാവലിയെ ക്രൂരവും ഹിമ്സാത്മകവുമായി കൈകാര്യം ചെയ്യാന്‍ പെട്ടെന്ന് സര്‍ക്കാര്‍ തയ്യാറാകുമെന്ന് കരുതാന്‍ ന്യായമില്ല.ചുരുക്കിപ്പറഞ്ഞാല്‍ വിദേശങ്ങളില്‍ നടക്കുന്ന ജനസഞ്ചയ സമരങ്ങള്‍ക്ക് ഭരണകൂടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന അത്രത്തോളം ഭയാനകമായ ഹിംസാത്മക സമീപനം ഹസ്സാരെയുടെ സമരത്തിനു നേരിടേണ്ടി വരുന്നില്ല.നാമമാത്രമെന്നു വിശേഷ്പ്പിക്കാവുന്ന ഇന്ത്യന്‍  ജനാധിപത്യത്തിന്റെ സൌജന്യപരിസരങ്ങളില്‍ തുടരുന്ന ഈ ജനാവലിയും ലോകത്തിന്റെ മറ്റിടങ്ങളില്‍ ഭരണകൂടങ്ങളുടെ ഹിംസാത്മകമായ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ജനസന്ച്ചയവും തമ്മില്‍ താരതമ്യങ്ങള്‍ സാധ്യമല്ല.കാരണം , 'ഹസ്സാരെജനാവലിയുടെ' കൂറോ ആത്മാര്‍ഥതയോ ക്രൂരപരീക്ഷണങ്ങളിലൂടെ ഇനിയും  കടന്നു പോയിട്ടില്ല.നിരവധി സംഘര്‍ഷങ്ങളിലൂടെ, ഭരണകൂടത്തിന്റെ ഹിംസാത്മക പ്രതികരണങ്ങളെ നേരിട്ട് കൊണ്ട് ഗാന്ധിയും കൂട്ടരും നടത്തിയ അഹിംസാത്മക സമരത്തിനും അതിന്റെ ജനാവലിക്കും  തന്നെ ഇവിടെ നിന്ന് എന്ത് ദൂരം !. 'ഹസാരെജനാവലിയും' അവരില്‍ പ്രതീക്ഷയര്‍പ്പിചിരിക്കുന്നവരും ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നാലും ഇല്ലെങ്കിലും ആ ജനാവലിയെക്കുറിചുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

അഴിമതിക്കെതിരെയുള്ള ഹസ്സാരെയുടെ സമരം  ബാബാ രാംദേവിറെയും ശ്രീ ശ്രീ രവിശങ്കരിന്റെയും സാമ്പത്തിക സ്രോതസ്സുകള്‍ക്ക് പിന്നിലെ യാഥാര്‍ത്യങ്ങളിലേക്കും അവരെപോലെ എണ്ണമറ്റ ആളുകളെ താങ്ങി നിര്‍ത്തുന്ന കോര്പറേറ്റ് ലോകത്തിലേക്കും വ്യാപിപ്പിക്കുകയാണെങ്കില്‍ കാണാം ഈ ജനാവലിയുടെ ദേശ സ്നേഹം .ദേശാഭിമാനം.അഴിമതി വിരുദ്ധത.തനിനിറം.അവര്‍ പൊടിതട്ടിക്കുടഞ്ഞ് എഴുന്നേറ്റു പോകും .മൈതാനം ശൂന്യമാകും.

No comments:

Post a Comment