Sunday, November 4, 2012

വിജു.വി. നായരോട് സംസാരിക്കാം



വിജു .വി നായര്‍ ഫേസ് ബുകിനെക്കുറിച്ച് മുന്നോട്ടു വെച്ച വിമര്‍ശനങ്ങള്‍ (മാധ്യമം വാരിക ജൂലൈ18,2011)ശ്രദ്ധിച്ചു. ലോകത്തൊട്ടാകെ ഫേസ്ബുക്കിനെ വിമര്‍ശിച്ചും വാഴ്ത്ത്തിയും നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു.അവയില്‍  ചിലത് വിജു വി നായര്‍ മുന്നോട്ടു വെച്ച അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു.മറ്റു ചിലതാകട്ടെ അതിനു ഘടകവിരുദ്ധമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നു.Ben Menzrich (The Founding of Face book ,A tale of sex,Money ,Genius and Betrayal),Chris Pterson (Virtual Word,Virtual World),Julia Angwi (Stealing my space)David Kirkpatrick (The Face book Effect) Evan Lushing (Faceless Action) തുടങ്ങിയ എത്രയോ പുസ്തകങ്ങള്‍ .ആഴമുള്ളതും ആഴമില്ലാത്ത്തതും ഗൌരവമുള്ളതും ഗൌരവമില്ലാത്ത്തതുമായ പുസ്തകങ്ങള്‍ .വിമര്‍ശനങ്ങളിലൂടെയും വാഴ്ത്ത്തുക്കളിലൂടെയും കടന്നു പോകുംപോള്‍ ഒരു കാര്യം ബോധ്യപ്പെടും. വിര്‍ച്വല്‍ ലോകം ഒരു വസ്തുതയായിക്കഴിഞ്ഞിരിക്കുന്നു.അതിന്റേതായ ഒരു ആവാസവ്യവസ്ഥ അത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വിമര്‍ശനങ്ങളേയും സ്തുതികളെയും സ്വാഗതം ചെയ്തു കൊണ്ട് അത് മുന്നോട്ടു പോകും.

വിജു വി.നായര്‍ പറയുന്ന ചങ്ങലക്കിട്ട രതി ,ഒളിഞ്ഞു നോട്ടം ,സാമൂഹികബന്ധങ്ങളുടെ അസ്തമയം, നാര്സിസം,നൈമിഷിക തൃഷ്ണ ,തുടങ്ങിയവ ഫേസ് ബുക്കില്‍ മാത്രമല്ല ,കേരളത്തില്‍ എവിടെയും വാങ്ങാന്‍ കിട്ടും.പത്രങ്ങളും വാരികകളും മാസികകളും ടെലിവിഷന്‍ ചാനലുകളും ഇതൊക്കെത്തന്നെ വില്പനയ്ക്ക് വച്ചിരിക്കുന്നു.എഴുത്തുകാരന്റെ /എഴുത്തുകാരിയുടെ ,സിനിമാക്കാരന്റെ /സിനിമാകാരിയുടെ പിന്നാമ്പുറ കഥകള്‍,കോടമ്പാക്കത്തെ രതി+ കണ്ണീര്‍ കഥകള്‍ ,ഏതെങ്കിലും തറ രാഷ്ട്രീയക്കാരന്റെ ആത്മകഥ ,സായിബാബ സപ്ളിമെന്റ്,പഞ്ചാംഗം ,അമൃതാനന്ദമയിപ്പതിപ്പ് ,ആരോഗ്യ മാസിക,വനിതാ മാസിക ---എല്ലാത്തിന്റെയും പിന്നില്‍ ,ദേ ,അതുതന്നെ -ഒന്നുകില്‍ ചങ്ങലക്കിട്ട രതി അല്ലെങ്കില്‍ ഒളിഞ്ഞു നോട്ടം അതുമല്ലെങ്ങില്‍ ആത്മീയ കച്ചവടം.ഏതെങ്കിലും നോവല്‍ പ്രസിദ്ധീകരിക്കും മുന്‍പ് അതെഴുതിയ എഴുത്തുകാരന്റെയോ /എഴുത്തുകാരിയുടെയോ ഏതൊക്കെ ആംഗിളിലുള്ള ഫോട്ടോകള്‍ വെച്ചുള്ള കളികളാണ് ! ഫേസ് ബൂകിലെ പ്രൊഫൈല്‍ ഫോട്ടോകളികള്‍ തോറ്റു പോകും. ടെലിവിഷന്‍ ക്യാമറകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കൂ ,അവിടെയും പ്രശ്നം മറ്റവന്‍ തന്നെ -ചങ്ങലക്കിട്ട രതി അല്ലെങ്കില്‍ നൈമിഷിക തൃഷ്ണ.ഫേസ് ബുക്ക് ഇവയുടെയൊക്കെ സൂപ്പര്‍ മാര്‍ക്കറ്റ് ആണെങ്ങില്‍ കേരളത്തിലെ പത്രങ്ങളും മാസികകളും ടെലിവിഷന്‍ ചാനലുകളും ഇവയൊക്കെതന്നെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന പെട്ടിക്കടകളാണ് .

പിന്നെ....പാരവെപ്പ്,പരസ്പരമുള്ള ചൊറിയല്‍, ശത്രുസംഹാരം ,ഒളിപ്പോര്,അല്ലറ ചില്ലറ ആണ്‍ -പെണ്‍ ചുറ്റിക്കളികള്‍ ,കൊഞ്ചല്‍ -കുഴയല്‍ ,ഇതൊന്നുമില്ലാത്ത എത്ര പത്ര- ദൃശ്യമാധ്യമ സ്ഥാപനങ്ങളുണ്ട് കേരളത്തില്‍ ?രാഷ്ട്രീയക്കാരെ സുഖിപ്പിക്കുന്ന ,രാഷ്ട്രീയക്കാരാല്‍ സുഖിപ്പിക്കപ്പെടാത്ത്ത എത്ര മാധ്യമസ്ഥാപനങ്ങളുണ്ട് കേരളത്തില്‍? ഇത് വിപണിയുടെ കളിയാണ് .സ്വദേശാഭിമാനിയുടേയും കേസരിയുടെയും എം.ഗോവിന്ദന്റെയും കാലം കഴിഞ്ഞു പോയില്ലേ .സത്യത്തില്‍ ശതകോ  കോടീശ്വരനായ ഫേസ് ബുക്ക് മുതലാളിയുടെയും നമ്മുടെ പത്ര -ടെലിവിഷന്‍ മുതലാളിമാരുടെയും ആത്യന്തിക ലക്ഷ്യം ഒന്നാകുന്നു.ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ ആകെ കുഴപ്പം .അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ മൊത്തം പൊല്ലാപ്പ് .ഈ 'ബ്ളാക്ക് ആന്റ് വൈറ്റ് ' കാഴ്ചക്കപ്പുറം എന്തെങ്ങിലും സാദ്ധ്യമാകുമോ ?ആലോചിക്കേണ്ട വിഷയമാണ് .അത്തരമൊരു ആലോചന കൊണ്ടു മാത്രമേ പുതിയലോകത്തെ മനസ്സിലാക്കാനും അപഗ്രഥിക്കാനും അതിലെ സാധ്യതകള്‍ ആരായാനും കഴിയുകയുള്ളൂ .

അച്ചടി മാധ്യമത്തിലായാലും ദൃശ്യമാധ്യമത്തിലായാലും ഫേസ് ബുക്കിലായാലും കിട്ടുന്ന 'സ്പെയിസു'കളില്‍ നിന്നുള്ള കളികളാണ് എല്ലാവരും കളിക്കുന്നത്.അത് കളിക്കുന്നവര്‍ക്കറിയാം .എല്ലാവര്‍ക്കുമറിയാം.പരസ്യമായ രഹസ്യം.രഹസ്യങ്ങളെല്ലാം പുറത്തായിട്ടും ആര്‍ക്കും അറിയില്ലെന്നു വിചാരിച്ച് എല്ലാവരും ഒരു 'ബ്ളാക്ക് ബോക്സ് 'കൊണ്ട് നടക്കുന്നു.

No comments:

Post a Comment