Sunday, November 4, 2012

ഒരു പുനസ്സമാഗമത്തിന്റെ ഓര്‍മ്മയ്ക്ക്



'താം ഹംസമാല:ശരദീവ ഗങ്ഗാം
മഹൌഷധീം നക്തമിവാത്മഭാസ:
സ്ഥിരോപദേശാ മുപദേശകാലേ
പ്രപേദിരേ പ്രാക്തനജന്മവിദ്യാ:'         
-കാളിദാസന്‍

'ചലങ്ങളുടെ ,പരിണാമെങ്ങളുടെ ഈലോകത്തില്‍
നിശ്ചലതയുടെ ഒരു കീറ്.കാലത്തിന്‍റെ തുടര്‍ച്ചയിലും
ഒഴുക്കിലും നിന്നു വേറിട്ട ഒരു അകാലം.അതെങ്ങനെയെന്ന്
എനിക്കപ്പോള്‍ ബോധ്യപ്പെട്ടു'
-ടി.ശ്രീവല്‍സന്‍
(ആംബുലെന്‍സ് എന്ന്‍ കഥാസമാഹാരത്തിലെ
അതേ പേരുള്ള കഥയില്‍ നിന്ന്.)


ആ വീട് . ചെറിയ വീട്  .  തമിഴ് പാട്ടിന്റെ വീട്  .  തമിഴ് സിനിമയുടെ വീട്  .  തമിഴ്ക്കോലം പോടുന്ന വീട്  .  വീട്ടുകാര്‍ക്കൊപ്പം ശീര്‍കാഴി  ,  ടി.ആര്‍. മഹാലിംഗം  ,  സുബ്ബുലക്ഷ്മി  ,  ത്യാഗരാജ ഭാഗവതര്‍  ,  സുന്ദരാംബാള്‍  ,  പട്ടാംബാള്‍  ,  എസ്. കിട്ടപ്പ  ,  പി.ബി.ശ്രീനിവാസ്  ,  ടി.എം.എസ്  ,  സുശീല  ,  ഇളയരാജ  ,  എസ്.പി.ബി....തുടങ്ങിയവര്‍ പാര്‍ക്കുന്ന വീട്  .  ചുവരിലെ ദൈവങ്ങള്‍ക്കൊപ്പം ശിവാജി ഗണേശന്‍  ,  ജമിനിഗണേശന്‍  ,  എന്‍.എസ് കൃഷ്ണന്‍  ,  ചന്ദ്രബാബു  ,  എന്‍.ടി. രാമറാവു  ,  നാഗേശ്വര റാവു  ,  എസ്.എസ്.രാജേന്ദ്രന്‍  ,  പണ്ടരിഭായ്  ,  ടി.ആര്‍ രാജകുമാരി  , സാവിത്രി  ,  പത്മിനി  ,  സരോജാദേവി  ,  വൈജ്യന്തിമാല  ,  വാണിശ്രീ ....മുതലായവര്‍ പ്രത്യക്ഷപ്പെടുന്ന വീട്  .  സന്താപങ്ങള്ക്കും സന്തോഷങ്ങള്‍ക്കുമൊപ്പം വീരപാണ്ഡ്യ കട്ടബൊമ്മന്‍  ,  തിരുവിളയാടല്‍  ,  കര്‍ണ്ണന്‍  ,  തില്ലാനാ മോഹനാംബാള്‍  ,  കന്തന്‍ കരുണൈ  ,  മായാബസാര്‍  ,  ജഗന്മോഹിനി  ,  കപ്പലോട്ടിയ തമിഴന്‍.....എന്നിങ്ങനെ മുഴങ്ങുന്ന വീട്  .  ഏഴകളുടെ വീട് .

അനില്‍ എന്നൊരാള്‍  ,  ആ വീട്ടിലെ ഒരംഗം  ,  ഒരു സംഗീതഭ്രാന്തന്‍  ,  അപൂര്‍വമായ ഗ്രാമഫോണ്‍ റെക്കാഡുകള്‍ തേടി നിരന്തരം തമിഴ്നാട്ടിലേക്കു സഞ്ചരിച്ചു  .  ഒരു മുറി നിറയെ കാസറ്റുകളും സി.ഡികളും ഗ്രാമഫോണ്‍ റെക്കാഡുകളും നിറഞ്ഞു  .  ചെറിയ വീട് കൂടുതല്‍ ചെറുതായി  .  ഇടക്കിടെ വന്നു  ,  ആ വീട്ടില്‍   ,  സംഗീതം തലയ്ക്ക് പിടിച്ച് വട്ടായിപ്പോയ ഒരാള്‍  ,  അനിലിന്റെ സുഹൃത്ത്  ,  വിനയന്‍ എന്നു വിളിപ്പേരുള്ള വിനയമൂര്‍ത്തി.

ആ വീടിലെ മറ്റൊരംഗം എന്ന നിലയില്‍ അയാളെ പരിചയപ്പെട്ടത് വര്‍ഷങ്ങള്‍ക്കുമുന്‍പ്  .  അന്നേ അയാള്‍ നാല്‍പതുകളിലായിരുന്നു  .  നാഗസ്വരത്തിന്റെ കടുത്ത ആരാധകന്‍  .  നാഗസ്വരക്കച്ചേരികള്‍ കേള്‍ക്കാന്‍ എല്ലാ കൊല്ലവും തഞ്ചാവൂരിലേക്കും ശുചീന്ദ്രത്തേക്കും പോകും  .  തിരുവിഴിമലൈ സഹോദരങ്ങള്‍  ,  തിരുവെങ്കാട് സുബ്രമണ്യപിള്ള  ,  വീരുസാമിപ്പിള്ള  ,  കുളിരൈ പിച്ചയപ്പാപിള്ള തുടങ്ങിയ നാഗസ്വരസംഗീതലോകത്തെ അതികായന്‍മാരെക്കുറിച്ച് അയാള്‍ പറഞ്ഞു  .  തകിലും വയലിനും ഷെഹനായിയും അയാള്‍ക്ക് പെരുത്തിഷ്ടം  .   തകിലില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത നീടാര്‍ മംഗലം മീനാക്ഷിസുന്ദരത്തെപ്പറ്റി പറയുമ്പോള്‍ അയാള്‍ക്ക് നൂറു നാവ്  .  അപാര വയലിന്‍വാദകരായ പഗനനിയെയും ദ്വാരം ശ്രീ വെങ്കിടസ്വാമി നായിഡുവിനെയും കുറിച്ച് പറയുമ്പോള്‍ അയാള്‍ക്ക് ആയിരം നാവ്  .ഷെഹനായ്നാദത്തെ മൌലികമായി പരിവര്‍ത്തിപ്പിച്ച മഹാനായ ബിസ്മില്ലാഖാനെ പറ്റിപ്പറയാന് അയാള്‍ക്ക് പതിനായിരം നാവ്   .   നാഗസ്വരവിദ്വാന്‍മാര്‍ക്കിടയിലെ വിസ്മയപ്രതിഭകളായ തിരുവാടുതുറൈ രാജരത്തിനംപിള്ള ,കാരുക്കുരുചി അരുണാചലം ,  ചിന്നമൌലാന , മെഹബൂബ് സുഭാനി , ചാര്‍ലി  മറിയാനോ എന്നിവരെക്കുറിച്ചൊക്കെ പരാമര്‍ശിക്കുമ്പോള്‍ അയാള്‍ക്ക് കോടി നാവ്  .  നാഗസ്വരത്തെക്കുറിച്ച് ഒരു പിടിയുമില്ലാതിരുന്നിട്ടും അയാളുടെ വീട്ടില്‍ ചെന്നപ്പോഴൊക്കെ രാജരത്തിനം പിള്ള മുതല്‍ തിരുവിഴ ജയശങ്കര്‍ വരെ കേട്ടിരുന്നതും  ,  അപൂര്‍വ സംഗീതപുസ്തകങ്ങള്‍ നിറഞ്ഞ അയാളുടെ മുറിയില്‍ നിമിഷങ്ങള്‍  ചെലവഴിച്ചതും  ,  എണ്‍പതുകളുടെ ഒടുക്കത്തിലെപ്പോഴോ അയാള്‍ക്കൊപ്പം ശുചീന്ദ്രത്തു പോയതും  ,  നാഗസ്വരക്കച്ചേരി കേട്ടു നിന്നതും നലമെഴുമോമ്മ .

ഇടവേള  .  നീണ്ട പതിനഞ്ച് വര്ഷം  .  തമ്മില്‍ കണ്ടില്ല   .  ഇതിനിടയില്‍ അയാള്‍ തിരുവനന്തപുരത്തെ വീട്വിറ്റ് കുടുംബസമേതം കോയമ്പത്തൂരിനു പോയതായി അറിഞ്ഞു  .  പിന്നെപ്പിന്നെ ഒരു വിവരവുമില്ലാതായി  .  സംഗീതത്തെപ്പറ്റി അയാളോട് പണ്ട് പറഞ്ഞ അബദ്ധങ്ങളില്‍ പില്ക്കാലത്ത് ലജ്ജ തോന്നി  .  സംഗീതസംബന്ധിയായ സംശയങ്ങള്‍ തോന്നുംപോഴൊക്കെ അയാളെ ഓര്‍മ്മിച്ചു  .  അങ്ങന്നിരിക്കെ  ,  അത്ഭുതപ്പെടുത്തിക്കൊണ്ട്  ,  ഈയിടെ അയാള്‍ വന്നു  .  നീണ്ട നരചമുടി പിന്നില്‍ കെട്ടി വെച്ചിരുന്നു  .  സംഗീതഭ്രാന്തിന് ഒരു കുറവുമില്ല  .  കൂടിയിട്ടേ ഉള്ളൂ എന്നു തിരിച്ചറിഞ്ഞു  .  സംഗീതജ്ഞാനം തീരെ കമ്മിയായ പഴയ സുഹൃത്തിനെ കാണാന്‍ വന്നതു തന്നെ അയാളുടെ മഹത്വം  .  പരമഭക്തനായ  ,  പരമ സാത്വികനായ അയാള്‍ ഭക്തനേയല്ലാത്ത  ,  സാത്വികനേയല്ലാത്ത ഒരാളുമായുള്ള  സൌഹൃദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതു തന്നെ അയാളുടെ വിശാലമനുഷ്യബോധം  .  എല്ലാ നല്ല സൌഹൃദങ്ങളും ജനാധിപത്യത്താല്‍  , വിമര്‍ശിക്കാനും കലഹിക്കാനുമുള്ള ഇടങ്ങളാല്‍  , ഉപചാരങ്ങളില്ലാത്ത സ്നേഹത്താല്‍ സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു .

അഞ്ചു വര്‍ഷമായി നൃത്തം പഠിക്കുന്ന കുഞ്ഞുമകള്‍  .  അവളുടെ അരങ്ങേറ്റം മെയ്മാസത്തിലാണ്  .  അയാള്‍ വന്നതു നന്നായി  .  മകള്‍ അയാളുടെ കാലില്‍ തൊട്ടുവന്ദിച്ചു  . അവളുടെ സ്ഥിരം അനുഷ്ഠാനം . ഇതിനേക്കാള്‍ വലിയ അനുഗ്രഹം അവള്‍ക്കിനി കിട്ടാനില്ല  .  കണ്ണുകള്‍ അറിയാതെ നിറഞ്ഞു  .  യാത്ര പറയുന്നതിന് മുന്പ് കോയമ്പത്തൂരിലെ മേല്‍വിലാസവും ഫോണ്‍നമ്പറും തന്നു  .  വീട്ടിലേക്ക് ക്ഷണിച്ചു  .  അരങ്ങേറ്റം കഴിയട്ടെ  .  കോയംപത്തൂര്‍ക്ക് പോണം.      

No comments:

Post a Comment