Sunday, November 4, 2012

എഴുതാത്ത്തവര്‍ ,എഴുതപ്പെടാത്തവ/സാബുഷണ്മുഖം




I
ലാല്‍ ലൂകോസ് ബോബ് മാര്‍ലിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.ജോണ് എബ്രഹാം ലാലിന്റെ മൂത്ത സഹോദരന്‍ കുര്യാകോസിന്റെ സുഹൃത്തായിരുന്നു.ഇടയ്ക്കിടെ ലാലിന്റെ വീട്ടില്‍ വന്നിരുന്ന ജോണിന് ഒരു 'ബോബ് മാര്‍ലിക്കാലം'ഉണ്ടായിരുന്നു.അക്കാലം മുതല്‍ ലാലിനോടൊപ്പം കൂടിയതാണ് ബോബ് മാര്‍ലി .ബോബ് മാര്‍ലിയെക്കുറിച്ച് എന്തും ഏതും തപ്പിപ്പിടിച്ചു വായിക്കും .എപ്പോഴൊക്കെ അവന്റെ വീട്ടില്‍ ചെന്നിട്ടുണ്ടോ അപ്പോഴൊക്കെ ബോബ് മാര്‍ലി മുഴങ്ങിക്കൊണ്ടിരിക്കും. സംഭാഷണം ഒരിക്കലെങ്ങിലും ബോബ് മാര്‍ലിയില്‍ ചെന്ന് മുട്ടും.കുറച്ചു കൊല്ലം സംഗീതം പഠിക്കാന്‍ പോയി.അതെങ്ങുമെത്ത്തിയില്ല.കുറെക്കാലം  വയലിന്‍ പഠിക്കാന്‍ ശ്രമിച്ചു.പാതിവഴിയില്‍ നിന്നു.പിന്നീട് എം.ബി.ശ്രീനിവാസന്റെ കൂടെക്കൂടി .അതും ഏറെ നാള്‍ നീണ്ടില്ല.പക്ഷെ ,ലാല്‍ സംഗീതത്തെ ക്കുറിച്ച് സംസാരിക്കുമ്പോള്‍ പുതുമയുള്ള നീരിക്ഷണങ്ങള്‍ .ലാല്‍ ബോബ് മാര്‍ലിയെക്കുറിച്ച് പറയുമ്പോള്‍ അസാധാരണമായ ദൂരങ്ങള്‍.ആരും പറയാത്തത്. വ്യത്യസ്തമായ ചിലത്.എഴുതാന്‍ നിര്‍ബന്ധിക്കും .എന്നത്തെയും പോലെ പരാജയപ്പെടും .ലാല്‍ ലൂകോസ് ബോബ് മാര്‍ലിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
II
ആലപ്പുഴയില്‍ 'ഉടക്കുമാഷ്' എന്നറിയപ്പെടുന്ന സുധാകരന്‍ സാര്‍ കേരള ചരിത്രത്തെ ക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു. എന്തെങ്കിലും ആയിത്തീരാന്‍ വേണ്ടിയുള്ള താല്‍പര്യമല്ല ചരിത്രത്തോട് സുധാകരന്‍ സാറിനുള്ളത് .നമ്മുടെ സര്‍വകലാശാലാ പ്രൊഫസര്മാര്‍ക്ക് സ്വപ്നത്തില്‍ പോലും എത്തിച്ചേരാന്‍ കഴിയാത്ത ചില ചരിത്ര നിരീക്ഷണങ്ങള്‍ സുധാകരന്സാര്‍ അടുത്ത സുഹൃത്തുക്കളോട് പങ്കു വച്ചു കൊണ്ടേയിരിക്കുന്നു.ആപല്‍ക്കരവും അട്ടിമറികള്‍ നിറഞ്ഞതുമായ നിരീക്ഷണങ്ങള്‍ .അതൊക്കെ വിശദന്മായിതന്നെ സമര്ഥിക്കാനുള്ള തെളിവുകളും ആഴത്തിലുള്ള അറിവും സാറിനുണ്ട് .ചിലമ്പിച്ച ശബ്ദത്തില്‍ സാര്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ എഴുതപ്പെട്ട ചരിത്രത്തിലെ പല വസ്തുതകളും വേരോടെ കട പറിഞ്ഞുപോകും. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ചരിത്രാന്വേഷി.സുധാകരന്‍ സാര്‍ കേരള ചരിത്രത്തെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
III
സി. അശോകന്‍ പുതിയ കാലത്തിന്റെ ചിന്തകരെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.ബോദ്രിയാര്‍ ,ല്യോട്യാര്‍ ,അന്റോണിയോ നെഗ്രി ,ഡല്യൂസ് ,പാര്താ ചാറ്റര്‍ജി തുടങ്ങിയവരെ ആഴത്തില്‍ അറിഞ്ഞിട്ടുള്ള അശോകന്‍ അവര്‍ക്കുമുന്നില്‍ ആരാധനയോടെ നില്‍ക്കുകയല്ല ,അവരെ തന്റെ വായനയുടെ വിശാലസംസ്കാരത്തിലേക്ക് സ്വീകരിച്ചുകൊണ്ട്  കേരളീയ പരിസരത്തില്‍ വ്യാക്യാനിക്കുകയും വിമര്‍ശന വിധേയമാക്കുകയുമാണ് ചെയ്യുന്നത്.അങ്ങനെ കേരളത്തിന്റെ പ്രാചീന-സമകാല ചരിത്രത്തെ മൌലികമായി അപഗ്രഥിച്ചുകൊണ്ട്  വീണ്ടും വീണ്ടും കേരളത്തെ കണ്ടെത്തുന്ന സന്ചാരമായി അയാള്‍ വായനയെ മാറ്റിത്തീര്‍ക്കുന്നു.'സംക്രമണ 'ത്തിന്റെയും 'യ ര ല വ'യുടെയും കാവ്യ ചര്‍ച്ചാ വേദികളില്‍ എ.സി.ശ്രീഹരി ,എല്‍.തോമസ്കുട്ടി,എം.ആര്‍. രേണുകുമാര്‍,എം.ബി.മനോജ്‌ ,ശൈലന്‍ ,ശിവകുമാര്‍ അമ്പലപ്പുഴ,സി.എസ്‌. ജയചന്ദ്രന്‍ ,ശ്രീദേവി .എസ്‌ കര്‍ത്താ തുടങ്ങി എണ്ണമറ്റ പുതുകവികളെക്കുറിച്ച് അശോകന്‍ നടത്തിയ പ്രഭാഷണങ്ങളില്‍ ഈ വായനയുടെ വെട്ടിത്തിളക്കം കാണാം.പുതിയ തലമുറയില്‍ തിരുവനന്തപുരത്തെ ഏറ്റവും മികച്ച പ്രഭാഷകനെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ കരുതുന്ന സി. അശോകന്‍ പുതിയകാലത്തിന്റെ ചിന്തകരെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
IV
ഗണേഷ് ബാബു ചെമ്ബയില്‍ കൃഷ്ണകുമാറിന്റെ ശില്‍പ്പങ്ങളെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.കോഴിക്കോട്ടെ പഴയ ദിനങ്ങളില്‍ ഏറെയും ഗണേഷ് സംസാരിച്ചത് റാംകിങ്കരിന്റെയും കൃഷ്ണകുമാറിന്റെയും ശില്പങ്ങളെ ക്കുറിച്ച്.തെന്നിത്തെറിച്ച് ആ ശില്‍പ്പങ്ങളില്‍ ഗണേഷ് ചെന്ന് തൊടുമ്പോള്‍ പുതുകാഴ്ച്ചയുടെ മിന്നല്‍ തെളിച്ചം.ശില്പ -ചിത്രകലയിലെ പൊള്ളക്കുമിളത്തിളക്കങ്ങളെ കുത്തിപ്പൊട്ടിക്കുന്ന വാക്കുകള്‍ .ഗണേഷ്ബാബു ചെമ്ബയില്‍ കൃഷ്ണകുമാറിനെ ക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
V
ഡോ.ആര്‍ .സുരേഷ് കഥകളിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.കോളേജു കാലം മുതല്‍ കഥകളി ഭ്രാന്തുണ്ട്.കളര്‍കോട് നാരായണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ജില്ലാ കഥകളി ക്ളബ്ബ് നടത്തിയിരുന്ന കളിയരങ്ങുകളില്‍ ,അമ്പലപ്പുഴ ക്ഷേത്രത്തിലെ കളിയരങ്ങുകളില്‍ ,ആലപ്പുഴ ദേശത്ത് എവിടൊക്കെ കളിയരങ്ങുകള്‍ ഉണര്‍ന്നുവോ അവിടൊക്കെ നിരന്തര സാന്നിധ്യമായി മാറിയിരുന്ന സുരേഷിനെ ഞാനോര്‍മ്മിക്കുന്നു.ഇപ്പോഴും അയാള്‍ അങ്ങനെയൊക്കെത്തന്നെ.സുരേഷ് കഥകളിപ്പദങ്ങള്‍ ചൊല്ലുന്നതിലും ഒരിമ്പം .കളിമ്പം.കളരസം. കോട്ടയം തമ്പുരാനും ഉണ്ണായിയും ഇരയിമ്മനും സുരേഷിന്റെ കണ്‍നോട്ടങ്ങളില്‍ സവിശേഷമായി നിവര്‍ന്നു വരും .ഡോ .ആര്‍.സുരേഷ് കഥകളിയെക്കുറിച്ച് എഴുതുകയില്ല.എഴുതണമെന്ന് ഞാനാഗ്രഹിക്കുന്നു.
 VI
ഇങ്ങനെ ചിലര്‍ എന്നോടൊപ്പമുണ്ട് .നിങ്ങളോടൊപ്പവും ഉണ്ടാകും.സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പരിചയക്കാര്‍.ഒന്നുമെഴുതാത്തവര്‍. എഴുതേണ്ടതൊന്നും  എഴുതാത്ത്തവര്‍.എഴുതിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് നാം വിശ്വസിക്കുന്നവര്‍.യഥാര്‍ത്ഥ മൌലികതയുള്ളവര്‍.ചിലര്‍ കുടുംബം ,വിവാഹം ,പ്രണയം ,ജാതി ,മതം തുടങ്ങിയ സംഗതികളില്‍ പരമ്പരാഗത വഴികളില്‍ നിന്ന് മാറി  ഒരു ബദല്‍ ജീവിതം തന്നെ ജീവിക്കുന്നവരായിരിക്കും.മറ്റു ചിലര്‍ സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും വിവേച്ചനങ്ങളിലോ സംഘര്‍ഷങ്ങളിലോ പെട്ടു പോകുന്നവരായിരിക്കും.അത്തരം വിരുദ്ധ-പാര്‍ശ്വവല്‍കൃത സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ അവരുടെ എഴുത്തിനെ പാടേ തുടച്ചു നീക്കുന്നുണ്ടാവാം.ഇനിയും ചിലര്‍ അങ്ങേയറ്റം ഗൌരവത്തോടെ എഴുത്തിനെ കാണുന്നതുകൊണ്ട് എഴുതാതെ പോകുന്നതാവാം.ഇതൊക്കെ നമ്മുടെ ഇത്തിരി അറിവില്‍ നിന്ന് നാം എത്തിച്ചേരുന്ന നിഗമനങ്ങള്‍ .കാരണങ്ങള്‍ ഇതൊന്നുമാവില്ല.എഴുതുന്നില്ല .അത്രമാത്രം.എഴുതണമെന്നു നാം ആഗ്രഹിക്കും .അവര്‍ എഴുതുകയില്ല.എഴുതുന്നത്‌ മാത്രമാണോ എഴുത്ത് ?.എഴുതാതിരിക്കുന്നതും എഴുത്താണെന്ന് ആര്‍.രാമചന്ദ്രന്‍ മാസ്റ്റെര്‍ പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു.എഴുതപ്പെട്ടതിനു സമാന്തരമായി എഴുതപ്പെടാതെ പോകുന്നവയുടെ ചരിത്രം.എഴുതുന്നവരുടെ ചരിത്രത്തിനു സമാന്തരമായി എഴുതാത്തവരുടെ ചരിത്രം.എഴുതുന്നവരുടെ ചരിത്രത്തെ ആര്‍ക്കും വാഴ്ത്തിപ്പാടാം.അതവരുടെ വഴി .എന്നെ സംബന്ധിച്ചടത്തോളം ,ഞാന്‍ എഴുതുന്ന ഒന്നിനും ഒരു മൂല്യവുമില്ലെന്നും ഞാന്‍ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും അറിവുകളേയല്ലെന്നും എന്നെ ബോധ്യപ്പെടുത്തിത്തരുന്നത് എഴുതാതെ പോകുന്ന എഴുത്തുകാരായ സുഹൃത്തുക്കളാണ് .പരിചയക്കാരാണ്‌ .വെല്‍കാല്‍കുലേറ്റഡല്ലാത്ത ,കരുനീക്കക്കളിയില്‍ താല്പര്യമില്ലാത്ത ,അപ്രായോഗികരായ അസാധാരണ മനുഷ്യര്‍.അറിയപ്പെടാത്തവര്‍.വേരിട്ടവര്‍ .സ്നേഹം.വെളിച്ചം.

No comments:

Post a Comment