Sunday, November 4, 2012

ദലിത് സ്ത്രീ.ദലിത് സ്ത്രീയെഴുത്ത്.ദലിത് സ്ത്രീവാദം



 'I,know
The corpse is mine
that lies soaking in the rain
...............
The police lathi and the courts eye
have no biness with my stripped naked skin'
-Sasi Nimala.

ദലിത് സ്ത്രീ.ദലിത് സ്ത്രീയെഴുത്ത്.ദലിത് സ്ത്രീവാദം.മൂന്നും പൊതു ചരിത്രത്തിനു പുറത്ത്.പൊതു സ്ത്രീപക്ഷ വിചാരങ്ങള്‍ക്ക്‌ പുറത്ത്.പൊതു സ്ത്രീസാഹിത്യത്ത്തിനു പുറത്ത്‌.പുറത്താക്കപ്പെട്ടവരുടെ പൊറുതി കിട്ടാത്ത പൊറുപ്പാണ് മേല്‍ സൂചിപ്പിച്ച മൂന്നും.ലവ്ലി സ്റ്റീഫന്‍ 'സ്വയം വിമോചനത്തിന്റെ പ്രശ്നം 'എന്ന ലേഖനത്തില്‍ എഴുതി:'പുരോഗമന ചരിത്രകാരന്മാര്‍ പോലും കേരളത്തിലെ സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രം തുടങ്ങുന്നത് നമ്പൂതിരി സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടാണ്.അതുകൊണ്ടാണ് മാറ് മറയ്കാനുള്ള അവകാശത്തിനായി പോരാടിയ അധസ്ഥിത സ്ത്രീയും ജാതി അടയാളമായ കല്ലും മാലയും വലിച്ചെറിഞ്ഞ ദലിത് സ്ത്രീയും ചരിത്രത്തില്‍ വരാതിരുന്നത്.ഷര്‍മിള റെഗ്ഗെ Real feminism and Dalit women എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നു:Brahmanical partriarchies and caste specefic patriarchies are material in their determination of the access to resources,the division of labour ,sexual division ,of labour and division of sexual labour 'പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്ണിടങ്ങളെ എഴുതപ്പെട്ട ചരിത്രം ചതിച്ച ഒളിവഴികള്‍ നീണ്ടു നീണ്ടു പോകുന്നു.

ഗായത്രി സ്പിവാക് ,മെഹന്തി ,സാന്ടോവാള്‍ തുടങ്ങിയവര്‍ യൂറോ കേന്ത്രിത സ്ത്രീവാദം 'കറുത്ത സ്ത്രീയവസ്ഥയെ'കാണാതെ പോയതിന്റെ അടിപ്പടവുകള്‍ വിശകലനം ചെയ്യുന്നുണ്ട് .ഇന്ത്യന്‍ ദലിത് സ്രീയവസ്ഥയെ ഊന്നിക്കൊണ്ട് ഉമ ചക്രവര്‍ത്തി എഴുതുന്നു:'മേല്‍ ജാതിക്കാരായ സ്ത്രീകള്‍ തീച്ചയായും ലിംഗപരമായ വിവേചനം നേരിടുന്നുണ്ട്.എന്നാല്‍ അവര്‍ സ്വജാതിയിലെ പുരുഷന്മാരുടെ ഭൌതിക വിഭവങ്ങളും കാഴ്ചപ്പാടുകളും പങ്കു വെക്കുന്നുണ്ട്.ഇതില്‍ നിന്നും പാടേ ഭിന്നമായി സമൂഹത്തിലെ ഏറ്റവും പീഡിതരായ വിഭാഗമായി ദലിത് സ്ത്രീകളും പുരുഷന്മാരും നില്‍ക്കുന്നു.അതില്‍ തന്നെ ദലിത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ എത്ര ഭീകരമാണ് '.ദലിത് സ്ത്രീവാദിയായ രൂത്ത് മനോരമ പറയുന്നു:'മധ്യ ജാതിയില്‍ പെട്ട പുരുഷന്മാര്‍ക്ക് ഒരു ഉദ്യോഗം ലഭിക്കുമ്പോള്‍ സ്ത്രീകളെ അവര്‍ ജാതിത്തൊഴിലുകളില്‍ നിന്നും വിലക്കും.എന്നാല്‍ ദലിത് സ്ത്രീകളുടെ പ്രശ്നം അവിടെ തീരുന്നില്ല.ഭര്ത്താകാന്മാര്‍ ജോലിയുള്ളവരായിരിക്കുംപോഴും ദലിത് സ്ത്രീകള്‍ അവരുടെ ജാതിത്തൊഴിലുകളില്‍ തുടരുന്നു'.മാളവിക കര്ലേക്കരുടെ പഠനത്തില്‍ കാണുന്നു :'ഉത്തരേന്ത്യയില്‍ ദലിത് പുരുഷന്മാര്‍ തോട്ടിപ്പണി ഉപേക്ഷിച്ച് മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ പോലും ദലിത് സ്ത്രീകള്‍ തോട്ടിപ്പണിക്കാരായി തുടരുന്നു '.യുറോ കേന്ദ്രിത സ്ത്രീവാദത്തിന്റെ കേരളീയപ്പതിപ്പുകള്‍ ഏറെയുണ്ടായി.എല്ലാ അര്‍ത്ഥത്തിലും സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ നിന്നുള്ള കാഴ്ചകളും കണ്ടെത്തലുകളും ആയിരുന്നു അവയില്‍ നിറയെ.അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണുകള്‍ ദലിത് സ്ത്രീയുടെ ഇടഞ്ഞും ഉടഞ്ഞും കിടന്ന ഇടങ്ങള്‍ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു.ലവ്ലി സ്റ്റീഫന്‍,രേഖരാജ് ,രജനി,പി.ലിസ തുടങ്ങിയവര്‍ ദലിത് സ്ത്രീവാദത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ നടത്തിയ പ്രസക്തമായ ശ്രമങ്ങളാകട്ടെ മുഖ്യ ധാരക്ക് പുറത്താണ് ഏറെക്കുറെ സംഭവിക്കുന്നതെന്ന് കാണാം.അപ്പോള്‍ പോലും മുഖ്യധാരക്ക്‌ പ്രിയപ്പെട്ട ഒരുകൂട്ടം സ്ത്രീവാദികളായ എഴുത്തുകാര്‍ /എഴുത്തുകാരികള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പൊതുസ്ത്രീവാദത്തെ പിളര്ത്തികൊണ്ട് ദലിത്-ആദിവാസി സ്ത്രീയവസ്തകളെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്ന നിലയില്‍ അത് മറ്റൊരു ഭാവി നിര്‍മ്മിച്ചേക്കും.
സാഹിത്യ സാംസ്കാരിക രംഗത്തും സ്ഥിതി ഒരളവോളം സമാനമാണെന്ന് കാണാം.സാഹിത്യത്തിന്റെ പൊതു മണ്ഡലത്തിലേക്കുള്ള പ്രവേശനം അന്നുമിന്നും വരേണ്യ സ്ത്രീകള്‍ക്ക് മാത്രമായിരുന്നുവെന്ന ജെ. ദേവികയുടെ നിരീക്ഷണം പല നിലക്കും അര്‍ത്ഥവത്താണ്. അടുത്തകാലത്ത് തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ദലിത് പെണ്‍പക്ഷ നോവലാണ്‌ പാമയുടെ 'സംഗതി'.ദലിത്സര്‍ഗാത്മകതയെ തീണ്ടായ്മയുടെ പട്ടികയില്‍പ്പെടുത്തിയ പൊതു ചരിത്രത്തിനെതിരെയുള്ള ചെറഞ്ഞു നോട്ടങ്ങള്‍ നോവലില്‍ ഉടനീളമുണ്ട്.പൊതുസ്ത്രീവാദികളായ എഴുത്തുകാരികള്‍ പ്രധാനമായും അവതരിപ്പിക്കാറുള്ള സ്ഥിരം സ്ത്രീപ്രമേയങ്ങള്‍ക്ക് അപ്പുറം മറ്റൊരു പൊള്ളുന്ന സ്ത്രീയാഥാര്ത്യം ,മറ്റൊരു സ്ത്രീരൂപകം നോവല്‍ കിളചെടുക്കുന്നു. പറിഞ്ഞുകീറി അധ്വാനിക്കുന്ന സ്ത്രീകളുടെ പച്ചയായ പെണ്പേച്ചുകള്‍ കൊണ്ട് മറ്റൊരു സ്ത്രീഭാഷ നോവല്‍ കൊരുത്ത് കെട്ടുന്നു.അങ്ങനെ പൊതുസ്ത്രീസാഹിത്യം കെട്ടിപ്പൊക്കുന്ന ലാവണ്യ നിയമങ്ങളെ തന്നെ ഉടചെടുത്തു കൊണ്ട് അടിയിലമര്‍ന്നു പോയ കീഴാള സൌന്ദര്യ നിര്‍മിതിയുടെ വീറും വെറിയും നോവലില്‍ ഉയിര്തെഴുനെല്ക്കുന്നു.തെറിയും തെറിച്ച വാക്കുകളും കൊണ്ട് പണിത നോവലില്‍ ഒരു ദലിത് സ്ത്രീയുടെ കൊടുംപൊറുതിയുടെ ചെത്തവും ചൂരും നിറഞ്ഞു കനത്തിരിക്കുന്നു.ദലിത് വിഷയം എഴുതി എന്നത് മാത്രമല്ല ,എഴുത്തിന്റെ പിടച്ചിലുകള്‍ നോവലില്‍ പിടിച്ചിടാന്‍ കഴിഞ്ഞു എന്നത് കൂടിയാണ് പാമയുടെ 'സംഗതി'യെ പ്രസക്തവും ശ്രദ്ധേയവുമാക്കുന്നത്.മറയത്താക്കപ്പെട്ട മണ്ണിടങ്ങളില്‍ പൊരിഞ്ഞും കുമിഞ്ഞും കിടക്കുന്ന സ്ത്രീയവസ്ഥകളുടെ സന്നിഗ്ദ്ധതകള്‍ പുറത്തേക്ക്‌ ഉരുകിയൊലികകുക തന്നെ ചെയ്യും എന്നു കൂടി ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നു:;ചരിത്രത്തെ' എണ്ണമറ്റ ചരിത്രങ്ങള്‍ 'ചോദ്യം ചെയ്യുമെന്നും .

No comments:

Post a Comment