Sunday, November 4, 2012

സന്തോഷ്‌ ഹൃഷികേശ് -എഡിറ്റര്‍ മാറുന്നു



എഡിറ്റര്‍ എന്നത് അധികാര  പദവിയല്ല എന്ന് കാണിച്ചു തന്നുകൊണ്ട് സന്തോഷ്‌ ഹൃഷികേശ് നില്‍ക്കുന്നു.എഴുതിത്തുടങ്ങുന്നവരുടെയും ഒട്ടും ഗൌരവമില്ലാതെ എഴുതുന്നവരുടെയും ഗൌരവത്തോടെ എഴുതുന്നവരുടെയും ബുദ്ധിയില്ലാത്തവരുടെയും ബുദ്ധിജീവികളുടെയും എല്ലാത്തരം വായനക്കാരുടെയും തോളില്‍ കൈയിട്ടു കൊണ്ട് അയാള്‍ സഞ്ചരിക്കുന്നു.തിരിച്ച് ഈ എഡിറ്ററുടെ തോളിലും  ആര്‍ക്കും കൈയിടാം.അയാള്‍ തൊട്ടടുത്തുണ്ട്.അയാള്‍ എഡിറ്ററാണെന്നു ഭാവിക്കുന്നതേയില്ല .എഡിറ്ററുടെ ബലം പിടുത്തമില്ല.ചിലപ്പോള്‍ കൂട്ടുകാരനാവുന്നു.ചിലപ്പോള്‍ വെറുതെ തമാശകള്‍ എഴുതി വിടുന്നു.ചിലപ്പോള്‍ സംഘാടകനാവുന്നു.ചിലപ്പോള്‍ നിരീക്ഷകനാവുന്നു.ചിലപ്പോള്‍ പത്രാധിപക്കുറിപ്പിലൂടെ സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളുടെ ആഴത്തിലേക്ക് പോകാനായുന്നു.ചിലപ്പോള്‍ എഴുത്തുകാരന്‍ പോലുമറിയാതെ അയാളുടെ ലേഖനമോ കവിതയോ കഥയോ പ്രസിദ്ധപ്പെടുത്തുന്നു.ചിലപ്പോള്‍  മലയാളനാട് കണ്ടില്ലേ വായിച്ചില്ലേ അഭ്പ്രായം എഴുതുമല്ലോ എന്ന് വായനക്കാരോട് ചോദിച്ചുകൊണ്ട്  അവരുടെ ലോകങ്ങളിലേക്ക് ഉപചാരങ്ങളില്ലാതെ ചെന്ന് കേറുന്നു.   മലയാള നാടെന്ന പ്രസിദ്ധീകരണം ഇനിയും ആര്ജിക്കേണ്ട ജാഗ്രതകള്‍ ഉണ്ടെന്നൊക്കെ നമുക്ക് വേണമെങ്കില്‍ പറഞ്ഞു പോകാം.തീര്‍ച്ചയായും മലയാളനാടിനും അതിന്റെ പരിമിതികളുണ്ട്.അത്തരം പരിമിതികള്‍ അതിന്റെ ആവാസവ്യവസ്ഥയില്‍ നിന്ന് കൂടി രൂപപ്പെടുന്നതാണെന്നു കാണാം.അത് സ്വാഭാവികം മാത്രം.ഈ പരിമിതികളെ ഓരോ ലക്കവും പുറത്തിറക്കിക്കൊണ്ട് തന്നെയാണ് പരിഹരിക്കേണ്ടതും.അതങ്ങനയേ സാധ്യമാകൂ.എന്നാല്‍ എഡിറ്റര്‍ എന്ന അധികാര പദവിയില്‍ നിന്നും മാറിനടക്കാന്‍ ഈ മനുഷ്യന്‍ നടത്തുന്ന ചെറിയ ശ്രമം വലിയൊരര്‍ത്ഥത്തില്‍  ശ്രദ്ധേയമാണ്.ശ്രദ്ധികേണ്ടതാണ്. അക്കാദമികളുടെയും രാഷ്ട്രീയപാര്‍ട്ടികള്‍ സ്പോന്‍സര്‍ ചെയ്യുന്ന സാഹിത്യക്കൂട്ടങ്ങളുടെയും  പ്രശസ്ത സാംസ്കാരിക -സാഹിത്യപ്രമാണിമാരുടെയും എഴുത്തുകാരെ മാര്‍കറ്റിലെ  വിലയനുസരിച്ച് ലേലത്തില്‍ പിടിക്കുന്ന പ്രസാധകരുടെയും പിന്തുണയില്ലാതെ എതെഴുത്തുകാരനും സ്വയം പ്രകാശനത്തിലേക്കും സ്വയം പര്യാപ്തയിലേക്കും കടന്നു ചെല്ലാന്‍ കഴിയുന്നഅതിവിദൂര ഭാവിയിലെ ഏതോ ഒരു എഡിറ്ററുടെ പ്രാഗ്രൂപം സന്തോഷ്‌ ഹൃഷികേശില്‍ ഇപ്പോഴേ കണ്ടെത്താന്‍ കഴിയുമോ ?

No comments:

Post a Comment