Sunday, November 4, 2012

ക്ഷേത്രം .പള്ളി . മോസ്ക്-തൊടരുത് .തൊട്ടാല്‍ പൊള്ളും




'നല്ല നാട്ടില്‍ ദൈവഹിതതാല്‍ നല്ലത് മുളക്കുന്നു.ചീത്ത നാട് ചീത്തകളെ മാത്രമേ മുളപ്പിക്കുകയുള്ളൂ'-ഖുര്‍ ആന്‍(പരിഭാഷ -വി.എസ്.സലിം ,കുഞ്ഞു മുഹമ്മദ്‌ പുലവത്ത്.പ്രസാധനം :മനാസ് ഫൌണ്ടേഷന്‍ 1998)

'Temples are the bridges between the unseen,invisible and infinite God and ourselves who are drops in the vast ocean'.
-Mahathma Gandhi.

ക്ഷേത്രം .പള്ളി . മോസ്ക് .തൊടരുത് .തൊട്ടാല്‍ പൊള്ളും .ഹൈന്ദവത ,ന്യുനപക്ഷം ,വര്‍ഗീയത തുടങ്ങിയ വാളുകകള്‍ വീശി വരും .തലപോകും.സത്യത്തില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു നിയമ നിര്‍മാണത്തെക്കുറിച്ച് ആലോചികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ക്ഷേത്ര ഭരണ സമിതികള്‍ ,ഇടവകകള്‍ ,പള്ളിക്കമിറ്റികള്‍‍,ആത്മീയ കേന്ദ്രങ്ങള്‍ ,ആള്‍ദൈവങ്ങള്‍ ,മതപരമായ രീതിയില്‍ നടത്തപ്പെടുന്ന ചാരിറ്റി പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരണം.  .ഇവക്കൊക്കെ പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ പൊതുജനങ്ങള്‍കുമുന്നില്‍ വെളിപ്പെടുതപ്പെടണം.ഏറ്റവും സുതാര്യമായി പ്രവര്‍ത്തിക്കേണ്ട ആത്മീയ കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയും പള്ളികളുടെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ല എന്ന തോന്നല്‍ പൊതുസമൂഹത്തില്‍ പലവിധ സംശയങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.ഈ സംശയങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും വിധത്തിലുള്ള ഇടപെടലുകള്‍ യഥാരഥത്തില്‍ ജനാധിപത്യ സര്‍ക്കാരിന്റെയും കോടതികളുടെയും ജനാധിപത്യ വാദികളുടേയും ഭാഗത്ത് നിന്നു മാത്രമല്ല ഉണ്ടാകേണ്ടത് .മേല്‍ സൂചിപ്പിച്ച രീതിയിലുള്ള ഒരു നിയമ നിര്‍മ്മാണത്തെയും ആ നിയമത്തിന്റെ പരിധിയില്‍ നടത്തപ്പെടുന്ന ഏത് അന്വേഷണത്തെയും സഹായിക്കാന്‍ എല്ലാ മത മേലധ്യക്ഷന്മാരും മത സംഘടനാ നേതാക്കന്മാരും ആത്മീയ ഗുരുക്കന്മാര്‍ എന്ന് വിളിക്കപ്പെടുന്നവരും തയ്യാറാകണം .അങ്ങനെ തയ്യാറായാല്‍ പൊതു സമൂഹത്തില്‍ അവരുടെ മൂല്യം വര്‍ദ്ധിക്കുക മാത്രമല്ല ,ഒരു വലിയ സാംസ്കാരിക മാറ്റത്തിന് അത് കാരണമായിത്തീരും .

കേരളത്തിലങ്ങോളമിന്ഗോളമുള്ള ക്ഷേത്രങ്ങളില്‍ തൊഴാന്‍ പോകുന്നവരും ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നവരും മുസ്ലീം പള്ളികളില്‍ നിസ്കരിക്കുന്നവരുമായ ബഹുഭൂരിപക്ഷം വരുന്ന സാധാരണ വിശ്വാസികള്‍  വര്‍ഗീയ വാദികളല്ല എന്ന് മാത്രമല്ല വര്‍ഗീയവാദികളാകാന്‍ ത്രാണിയില്ലാത്തവരും  ജീവിതഭാരത്താല്‍ ഞെരിയുന്നതിനിടയില്‍ വര്‍ഗീയ വാദത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലാത്തവരുമാണ്  .അവരവരുടെ വിശ്വാസങ്ങളുമായി കുഴപ്പം കൂടാതെ  കഴിഞ്ഞു കൂടണം എന്നല്ലാതെ മറ്റുള്ളവരുടെ വിശ്വാസത്തെ സംഹരിക്കണം എന്ന അക്രമാസക്ത ചിന്തയൊന്നും ഈ പാവങ്ങള്‍ക്കില്ല.അവര്‍ അങ്ങനെയല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ഇന്നത്തെ അവസ്ഥ പോലും ഉണ്ടാകുമായിരുന്നില്ല.ആത്യന്തികമായി വിവിധ മതവിശ്വാസികളായിരിക്കുംപോഴും അവരെല്ലാം സ്വസ്ഥ ജീവിതം ആഗ്രഹിക്കുന്നവരാണ്.വിലകയറ്റം പോലെ നിത്യജീവിതത്തെ നേരിട്ട് സ്പര്‍ശിക്കുന്ന കാര്യങ്ങളില്‍ ഉത്കണ്ടപ്പെടുകയും അതിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന വെറും മനുഷ്യര്‍.ഏത് കുത്സിത മാര്‍ഗത്തിലൂടെയും അവരെ വൈകാരികമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ വര്‍ഗീയതയുടെയും സങ്കുചിത വീക്ഷണങ്ങളുടെയും വലയില്‍ അവരെ കുരുക്കിയെടുക്കാന്‍ കച്ച കെട്ടിയിരിക്കുന്ന മതതീവ്രവാദികളെ തിരിച്ചറിയാനുള്ള വിവേകമാണ് കാത്തുസൂക്ഷികേണ്ടത് .
ക്ഷേത്രമോ പള്ളിയോ മോസ്കോ വര്‍ഗീയ ഭ്രാന്തന്‍മാര്‍ക്ക് വിട്ടുകൊടുക്കാനുള്ള ഒന്നല്ല.സാധാരണ ജനങ്ങളുടെ വിശ്വാസമെന്നത് വര്‍ഗീയവാദികളുടെ ദാനവുമല്ല.ഹിന്ദുക്ഷേത്രങ്ങളെ ഹിന്ദുവര്‍ഗീയ വാദികളില്‍ നിന്നും ക്രിസ്ത്യന്‍ പള്ളികളെ ക്രിസ്ത്യന്‍ വര്‍ഗീയ വാദികളില്‍ നിന്നും മുസ്ലീം പള്ളികളെ മുസ്ലീം വര്‍ഗീയവാദികളില്‍ നിന്നും വിമോചിപ്പികേണ്ടതുണ്ട് . വര്‍ഗീയവാദികളില്‍ നിന്നും ഓരോ മതത്തിലേയും ജനാധിപത്യവാദികളിലേക്ക് അവരവരുടെ ദേവാലയങ്ങള്‍ വന്നു ചേരേണ്ടത് അനിവാര്യമായിരിക്കുന്നു.മതപരമായ സങ്കുചിത വീക്ഷണങ്ങള്‍ക്കെതിരെ ഓരോ മതങ്ങള്‍ക്കുള്ളില്‍ നിന്നും തന്നെ  വിശാല വീക്ഷണങ്ങളും ചെറുത്തുനില്‍പ്പുകളും  ഉയര്‍ന്നു വരണം.ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ കൂടിയാണെന്നു കരുതുന്നവരുടെ തിരിച്ചറിവുകള്‍ കൂടുതല്‍ വിശാലമായി രൂപപ്പെടുമെങ്കില്‍ കേരളസമൂഹത്തില്‍ ദീര്‍ഘവ്യാപകവും ഗുണപരവുമായ മാറ്റങ്ങള്‍ക്ക് അത് കാരണമായിത്തീരും എന്നതില്‍ സംശയമില്ല.സ്വപ്നം കാണാം.നടക്കാത്ത നല്ല സ്വപ്നങ്ങള്‍ കാണാം.ചിലപ്പോള്‍ നടന്നാലോ?

No comments:

Post a Comment