Sunday, November 4, 2012

തപോവനസ്വാമികളുടെ കൈലാസയാത്ര



സഞ്ചാരപഥങ്ങളില്‍ സ്വയം മറക്കുന്നു.മനുഷ്യപരിവേഷങ്ങള്‍ താനേ അഴിഞ്ഞുപോകുന്നു.തന്നെ തന്നെ ഉപേക്ഷിച്ചുകൊണ്ട് തനിമയായിത്തീരുന്നു.തപോവനസ്വാമികളുടെ 'കൈലാസയാത്ര' എന്ന പുസ്തകം ഇത്തരം ഒരനുഭവത്തിലൂടെ ഒരാള്‍ കടന്നു പോകുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ്.പണാധിപത്യത്തിന്റെ വിദൂരമുഴക്കങ്ങള്‍ പോലും ചെന്നെത്താത്ത നിരതിശയമായ നിശബ്ദതയാണ് ഇതിന്റെ ഭാഷ.ടൂറിസ്റ്റിന്റെ എടുപ്പുകള്‍ ,എടുത്തുപിടിക്കലുകള്‍ അകന്നുമറഞ്ഞ് വെളിവാകുന്ന തെളിവഴികളാണ് ഇതിലെ വിസ്മയം.ഭൌതികമായി എത്രത്തോളം ദരിദ്രനായിരിക്കാന്‍ കഴിയുമോ അത്രത്തോളം ആനന്ദിക്കാന്‍ കഴിയുന്ന ഒരാളുടെ ഭിക്ഷാടനങ്ങളും തീര്‍ഥാടനങ്ങളും ആത്മീയവിശകലനങ്ങളും ഇതില്‍ സന്നിഹിതമായിരിക്കുന്നു.ലോകമെമ്പാടുമുള്ള ഓരോ മനുഷ്യനേയും  സര്‍വചരാചരങ്ങളേയും അനന്തസന്നിധിയായി സ്വീകരിക്കുന്ന , അവനിലേക്കും അവരിലേക്കും അവനവനിലേക്കും നീളുന്ന അതിരുകളില്ലാത്ത ,മതാതീതമായ ആര്‍ദ്രതയാണ് ഇതിലെ ആത്മീയത.കാഴ്ചയിലും കേള്‍വിയിലും രുചിയിലും മണത്തിലും സ്പര്‍ശത്തിലും നിറയുന്നതല്ല ഇതിലെ 'ഹിമാലയം'.ഒരാളുടെ അതിശാന്തമായ ഏകാന്തതയോടും അതീതസംഘര്‍ഷങ്ങളോടും അവിരാമം സംവദിക്കുന്ന ഉത്തുംഗഗംഭീര മൌനമാണ് . ആ മൌനം ഓരോ കുഞ്ഞുമഞ്ഞുകണങ്ങളിലും തൊട്ട് യാത്രയാകുന്നു.കൈലാസയാത്ര.


('കൈലാസ യാത്ര'1928-ല്‍ ആദ്യപതിപ്പായി പുറത്തുവന്നു.അതിനും മുന്പ് 'കൈലാസഗിരിയും മാനസസരസ്സും 'എന്ന പേരില്‍ മനോരമയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.ചില പുതിയ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്താണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്.വനഭിക്ഷു എന്നതായിരുന്നു ആദ്യപതിപ്പില്‍ രചയിതാവിന്റെ നാമം.)                    

No comments:

Post a Comment