Sunday, November 4, 2012

എഴുത്തുകാരനും ആത്മീയതയും



ഒരു കവിക്ക്‌ ആത്മീയതയാവാം.ദൈവവിശ്വാസവുമാവാം.അതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യം.എന്നാല്‍ ഇത്രയധികം ആത്മീയാചാര്യന്മാരുടെ   അകമ്പടി ഒരു കവിയുടെ എഴുപത്തഞ്ചാം പിറന്നാളിന് വേണോ ?പ്രത്യേകിച്ചും ആത്മീയവ്യാപാരം പൊടിപൊടിക്കുന്ന കാലത്ത് ആത്മീയാചാര്യന്മാരുടെ ഇരമ്പിക്കയറ്റം മറ്റൊരു പ്രതീതി ജനിപ്പിക്കില്ലേ ? എഴുത്തുകാരന്റെ ആത്മീയത ആത്മീയാചാര്യന്മാരുടെ ആത്മീയതയെ അതിലംഘിക്കുന്ന വിശാലതയിലേക്ക്‌ പോകുന്ന ഒന്നല്ലേ ?പോകേണ്ട ഒന്നല്ലേ?സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന മുഖ്യധാരാ ആത്മീയതക്ക് അത് പ്രതിരോധമായിത്തീരേണ്ടതല്ലേ ? പലപ്പോഴും ഏകപക്ഷീയമായി മാറാറുള്ള മുഖ്യധാരാ ആത്മീയതയെ വലിച്ചെറിയുന്നതുവഴി  ആത്മീയതയുടെ ബഹുസ്വര യാഥാര്ത്യത്ത്തില്‍ നിന്നും രൂപപ്പെടുന്ന സ്വകീയമായ ഒരു കാഴ്ചപ്പാടല്ലേ എഴുത്തുകാരന്റെ ആത്മീയത ?ഒരു കവിയുടെ പിറന്നാള്‍ എങ്ങനെയും ആഘോഷിക്കാം.അത് കവിയുടെയും ആഘോഷം  സംഘടിപ്പിക്കുന്നവരുടെയും സ്വാതന്ത്ര്യം .അതേ സമയം ,ആ കവിയുടെ കവിതകള്‍ വായിക്കുന്ന വായനാ സമൂഹത്തില്‍ ,പൌരസമൂഹത്തില്‍ അതുണ്ടാക്കാനിടയുള്ള വിവക്ഷകളെക്കുറിച്ചുകൂടി അത് സംഘടിപ്പിക്കുന്നവരും അതിനു നിന്നു കൊടുക്കുന്ന കവിയും  ആലോചിക്കേണ്ടതില്ലേ ? അത്തരമൊരു ജാഗ്രത ഏതെഴുത്തുകാരനും ആവശ്യമല്ലേ ?ഏതെങ്കിലും ഒരു ആത്മീയാചാര്യന്‍ ഒരെഴുത്തുകാരന്റെ മേല്‍ ചൊരിയുന്ന അനുഗ്രഹ പ്രഭാഷണത്തെക്കാള്‍ വിലപ്പെട്ടതല്ലേ അയാളില്‍ നിന്നും ഒന്നുമാഗ്രഹിക്കാതെ അയാളുടെ പുസ്തകം വിലകൊടുത്തു വാങ്ങി എവിടെയോ ഇരുന്നു വായിക്കുന്ന ഒരു വായനക്കാരന്റെ സ്നേഹവും തിരിച്ചറിവും ?ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ തമിഴ് കവി സിര്‍പ്പി ബാല സുബ്രമണ്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ റിപ്പോര്‍ട്ടും ചിത്രവും കണ്ടപ്പോള്‍ തോന്നിയ സംശയങ്ങളാണ് .

No comments:

Post a Comment