Sunday, November 4, 2012

വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍'



'THE EYE IS NOT THE TOO-IMMOBILE HUMAN EYE'
-Gilles Deleuze

തീവ്ര പ്രതികരണങ്ങളുടെ പുസ്തകമാണ് സി.ആര്‍.പരമേശ്വരന്റെ 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍'.മലയാളത്തില്‍ ഇന്നു കവിതയെക്കുറിച്ചാണെങ്കിലും സാമൂഹിക വിഷയങ്ങളെ ക്കു റിച്ചാണെനെങ്കിലും നടക്കുന്ന ചര്‍ച്ചകള്‍ മിക്കവാറും 'ചത്തേ ചതഞ്ഞേ'എന്ന രീതിയിലുള്ളവയാണ്‌.ഒരുതരം സുഖിപ്പിക്കല്‍ മട്ടിലുള്ള മടുപ്പിക്കുന്ന സമരസപ്പെടല്‍ അവയിലുണ്ട്.സംവാദങ്ങള്‍ക്ക് ഇടം കൊടുക്കാതെയുള്ള ഞാണിന്മേല്‍ കളി.ഒത്തുതീര്‍പ്പുകളും ഭയങ്ങളും കൊണ്ട് നിര്‍മ്മിച്ച എഴുത്തിന്റെ കപടലോകം .

സി.ആറിന്റെ പുസ്തകത്തിന്റെ ഏറ്റവും വലിയപ്രസക്തി ,ഒരേ സമയം രണ്ടു നാവുകൊണ്ട് അത് സംസാരിക്കുന്നില്ല എന്നതാണ് .മനുഷ്യനെയും സമൂഹത്തെയും കുറിച്ചുള്ള ആധിനിറഞ്ഞ നിരീക്ഷണങ്ങളാണ് സി. ആര്‍ .പങ്കു വെക്കുന്നത്.വിയോജിപ്പുകളുടെ സൌന്ദ്യര്യം ഈ കൃതിയിലുണ്ട്.ഒറ്റയ്ക്ക് നിന്ന് തനിക്കു സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ഊറ്റത്തോടെ പറയാന്‍ സി.ആറിനു കഴിയുന്നു.മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ് 'വെറുപ്പ്‌ ഭക്ഷിക്കുമ്പോള്‍' .

ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഏറ്റവും സമകാലികവും പ്രസ്ക്തവുമായിരിക്കുംപോള്‍ തന്നെ വിശകലന വിധേയമാക്കേണ്ട ഒരുതരം സെക്ടേറിയന്‍ സമീപനത്തിന്റെ പരാധീനത ഈ പുസ്തകത്തിനുണ്ട് .ആഴമില്ലാത്ത പ്രവാചക സ്വരത്തിലുള്ള പ്രസ്താവനകളും ഈ പുസ്തകത്തെ ചിലയിടങ്ങളില്‍ ദുര്‍ബലമാക്കുന്നു.വിരാമച്ചിന്നങ്ങള്‍ ഏറെ നിറഞ്ഞ ചിന്തകളാണ് സി.ആറിന്റേത് .അത് സംവാദത്തിന്റെ ഇടങ്ങളെ പലപ്പോഴും ഇല്ലാതാക്കുകയും ഒരുപാട് പൊള്ള മുഴക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.മറ്റൊരാള്‍ക്ക്‌ ഇതൊക്കെ ഈ പുസ്തകത്തിന്റെ സവിശേഷതയായും വായിക്കാവുന്നതാണ്.ആത്യന്തികമായി ഈ പുസ്തകത്തിന്റെ പരാജയം എന്ന് വിലയിരുത്താവുന്ന ഘടകം തന്നെയാണ് ഇതിന്റെ വിജയത്തെയും നിര്‍ണയിക്കുന്നതെന്ന് പറയാം.

സി. ആര്‍ .പരമേശ്വരന്‍ എന്ന മനുഷ്യനോടു നമുക്ക് വിയോജിക്കാം ,വഴക്കുണ്ടാക്കാം.എന്നാല്‍ ഈ മനുഷ്യന്‍ ഒരുപാടുനാള്‍ നമുക്കിടയില്‍ ജീവിചിരിക്കണമെന്ന് പുസ്തകം വായിച്ചുകഴിയുമ്പോള്‍ വിവേചനശാലിയായ ഓരോ വായനക്കാരനും ആഗ്രഹിക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.





No comments:

Post a Comment