Sunday, November 4, 2012

പൂണിയില്‍ സുരേന്ദ്രനെ ഓര്‍മിക്കുമ്പോള്‍



പ്രശസ്തിയുടെ തീവെട്ടിവെളിച്ചത്തില്‍ നില്‍ക്കുന്ന എഴുത്തുകാര്‍ ഞങ്ങളെ അല്ഭുതപ്പെടുത്ത്തുകയില്ല.ആരാധകര്‍ നല്‍കിയ പൊയ്ക്കാലുകളില്‍ തുള്ളുന്ന എഴുത്തുകാര്‍ ഞങ്ങളെ ഭയപ്പെടുത്തുകയില്ല. ഭ്രാന്തന്‍ ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളുടെ അകമ്പടിയോടെ പൊങ്ങച്ച പ്രഭാഷണങ്ങളില്‍ മുഴുകുന്ന എഴുത്തുകാരെ ഞങ്ങള്‍ കേള്‍ക്കുകയില്ല.കാരണം ,ഞങ്ങള്‍ക്ക് പൂണിയില്‍ സുരേന്ദ്രനെ പരിചയമുണ്ടായിരുന്നു.ഞങ്ങള്‍ കണ്ട പ്രതിഭയുടെ (അങ്ങനെയോന്നുന്ടെങ്ങില്‍ ) പ്രകാശഗോപുരം.അതിന്റെ ചുവട്ടില്‍ പോലും ഇരുട്ടുണ്ടായിരുന്നില്ല.ഞങ്ങള്‍ കണ്ട സര്‍ഗാത്മകധിക്കാരത്തിന്റെ ഉടല്രൂപം .അതിന്റെ സൂക്ഷ്മകോശങ്ങളില്‍ പോലും കീഴടങ്ങലിന്റെയോ ഒത്തുതീര്‍പ്പിന്റെയോ ചലനങ്ങളുണ്ടായിരുന്നില്ല.

സാഹിത്യ വൃത്തങ്ങളില്‍ എന്നും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ക്കിടയില്‍ പൂണിയില്‍ സുരേന്ദ്രനെ തിരയരുത് .എന്തുകൊണ്ടെന്നാല്‍ സാഹിത്യ രംഗത്തെ പോള്ളത്ത്തിളക്കങ്ങളില്‍ നിന്ന് ,വെട്ടിപ്പിടുത്തങ്ങളില്‍ നിന്ന് ,കൂട്ടികൊടുപ്പുകളില്‍ നിന്ന് -അകലെ മറ്റൊരു ആവാസത്തിന്റെ അവ്യവസ്ഥയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.എന്നാല്‍ അടുത്തു പരിച്യപ്പെട്ടവര്‍ക്കിടയില്‍ ഈ മനുഷ്യന് സൃഷ്ടിച്ച ചരിത്രത്തിനു മരണമില്ല.വായനയുടെ മഹാനായ പോരാളിയായിരുന്നു അദ്ദേഹം .ജടഭരതനെപ്പോലെ ആലപ്പുഴ എസ്.ഡി. കോളേജിലെ ലൈബ്രറിയില്‍ ,പുസ്തകങ്ങളില്‍ ആണ്ടു മുഴുകിയിരുന്ന പൂണിയില്‍ സുരേന്ദ്രന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ലോകസാഹിത്യത്തിലേക്കുള്ള വ്യത്യസ്തമായ വാതിലുകള്‍ തുറന്നിട്ടു.സോഫോക്ളിസ്,പെറ്റൊഫി,സാഫോ ,ഓസ്കാര്‍ വൈല്‍ഡ് ,അയനസ്കോ ,എലിയട്ട് ,എസ്രാ പൌണ്ട് ,കംമിങ്ങ്സ് ,കാമു ,കാഫ്ക,ക്ലോദ് സിമോന്ഗ് ,ബോര്‍ഹസ്,മിലാന്‍ കുന്ദേര ,കൂട്സേ.......എണ്ണമറ്റ എഴുത്തുകാര്‍ അദ്ദേഹത്തോടൊപ്പം ഞങ്ങളിലേക്ക് യാത്ര ചെയ്തു.ഡോക്ട്രെട്ടിന്റെയും അക്കാദമിക് ബിരുദങ്ങളുടെയും ഭാരതത്തില്‍ ചതഞ്ഞു മരിച്ച വാക്കുകളുമായി ക്ളാസ് മുറിയെ ശവപ്പരമ്പാക്കിയ പ്രോഫെസ്സര്‍മാരെ തെറി പറഞ്ഞ് ,ക്ളാസ് മുറികള്‍ ഉപേക്ഷിച്ച് ഞങ്ങള്‍ പൂണിയില്‍ സുരേന്ദ്രനെ കാണാന്‍ ലൈബ്രറിയിലേക്ക് നടന്നു .'ഗുരുത്വം' എന്ന മൂന്നക്ഷരങ്ങളെ നിഘണ്ടുവില്‍ നിന്നും ഞങ്ങള്‍ ചവിട്ടിപ്പുരത്താക്കി .അപ്പോഴും 'പ്രോഫെസ്സര്മാരെക്കാള്‍ വലിയ പ്രോഫെസ്സരാണ് പൂണിയില്‍ സുരേന്ദ്രന്‍ 'എന്ന് പറഞ്ഞുകൊണ്ട് പരമസാത്വികനും അപാരഞാനിയുമായ പ്രൊഫ്‌:വി.മുരളീധരമേനോന്‍ ഞങ്ങളുടെ വിശാസങ്ങള്‍ക്ക് കൂട്ട് നിന്നു.

ഞങ്ങള്‍ക്ക് പേരുകളുണ്ടായിരുന്നു.സുരേഷ് (ഡോ.ആര്‍ സുരേഷ് ),ഗോപന്‍ (നീര്‍ക്കുന്നം ഗോപന്‍ ),ഗോപന്‍ (പടിഞ്ഞാറന്‍ സംഗീതത്തെ ആഴ്ത്ത്തിലരിഞ്ഞ ഡ്രംസ് ഗോപന്‍ ),തോമാച്ചന്‍ (തോമസ്‌ )അജിത്‌ ,നാരായണന്‍ ,ശാന്തിലാല്‍ ,ലാല്‍ ലൂകോസ്,ഫ്രാന്‍സിസ് ,ജോസെഫ് .........എന്നാല്‍ ഒന്നിച്ചു കൂടിയപ്പോള്‍ പേരുകള്‍ ഇല്ലാതായി.കവിതയും കലാപവും അനാഥത്വവും കൊണ്ട് ഭ്രാന്തു പിടിച്ച ഒറ്റക്കപ്പലായി കാണാത്ത വന്‍കരകള്‍ തേടി.സാഹിത്യം സംസാരിച്ചുകൊണ്ട് കളര്‍കോട് ക്ഷത്ര മൈതാനത്തെ രാത്രികളെ പകലുകളാക്കി.കവിതമാത്രം വിഷയമാക്കി കൊണ്ട് വിജ്ഞാനപ്രദായനി ഗ്രന്ഥശാലാവളപ്പിലെയും മുന്‍സിപ്പല്‍ മൈതാനത്തെയും സന്ദ്യകളിലേക്ക് ഞങ്ങള്‍ പടര്‍ന്നു കയറി.കവിത ചൊല്ലി കൊണ്ട് ആലപ്പുഴ നഗരത്തിന്റെ ആരവങ്ങളെ തുടച്ചു നീക്കി.

ഞങ്ങള്‍ക്കിടയില്‍ പൂണിയില്‍ സുരേന്ദ്രന്‍ ഇടയ്ക്കിടെ കടന്നു വന്നു കൊണ്ടിരുന്നു.പ്രായത്തിന്റെയും തലമുറയുടെയും വ്യത്യാസങ്ങള്‍ മാഞ്ഞു പോയി.കുമാരനാശാനും വൈലോപ്പിള്ളിയും മേതിലും വിജയനും ആര്‍.രാമചന്ദ്രനും തകഴിയും ബഷീറും പുതിയ വെളിച്ചങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.കലഹങ്ങളും തര്‍ക്കങ്ങളും സര്‍ഗാത്മകമായി.ഓരോ സാഹിത്യ കൃതിയിലും മഹാകാലം നക്ഷത്ര പ്രഭയുള്ള കടല്‍തുള്ളികളായി വീണു കിടക്കുന്നുടെന്നു പൂണിയില്‍ സുരേന്ദ്രനുമായി നടത്തിയ സംവാദങ്ങളിലൂടെ ഞങ്ങളറിഞ്ഞു .ചിന്തയിലും ജീവിതത്തിലും എഴുത്തിലും ഞങ്ങള്‍ കണ്ട എക്കാലത്തെയും വലിയ വിമതന്മാരിലൊരാള്‍ പൂണിയില്‍ സുരേന്ദ്രനായിരുന്നു.അദ്ദേഹം ഒരു ഒറ്റപ്പെട്ട പ്രതിഭാസമല്ല.അജ്ഞാതരായ എത്രയോ പൂണിയില്‍ സുരേന്ദ്രന്മാര്‍ കേരളത്തിന്റെ എഴുതപ്പെടാത്ത സാംസ്കാരിക ചരിത്രത്ത്തിലുണ്ടാകും!

സാഹിത്യ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ പൂണിയില്‍ സുരേന്ദ്രനില്‍ നിന്നു പ്രചോദനമുള്‍കൊണ്ട പലരും പില്‍കാലത്ത് മലയാള സാഹിത്യ രംഗത്തും സിനിമാ രംഗത്തുമൊക്കെ പ്രശസ്തരായിത്തീര്‍ന്നു.അവര്‍ എഴുതുന്ന ലേഖനങ്ങളില്‍,അവരുമായുള്ള ചാനല്‍ അഭിമുഖങ്ങളില്‍ അവരിലാരെങ്ങിലും ആ മനുഷ്യന്റെ പേര് പരാമര്ശിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടിരുന്നു.അതുണ്ടായില്ല.മാരകമായ പ്രായോഗികതയുടെ പിന്‍ബലത്തില്‍ കെട്ടിപ്പൊക്കിയ ചില്ലുഗോപുരങ്ങളില്‍ 'വെല്‍ കാല്‍ക്കുലേറ്റടായി' ജീവിക്കുന്ന അവര്‍ക്ക് ഒട്ടും 'കാല്ക്കുലേറ്റഡ് ' അല്ലാതെ ജീവിച്ച ആ മനുഷ്യന്റെ ഓര്‍മ്മ തന്നെ ദുസ്സഹമായിത്തീര്നിരിക്കുമെന്നു  ഇപ്പോള്‍‍ ഞങ്ങള്‍ മനസ്സിലാക്കുന്നു.മറവി ,നന്ദികേടിന്ന്റെ ചരിതം കൂടിയാണെന്നും .

No comments:

Post a Comment