Sunday, November 4, 2012

വിദ്യാതീയറ്റര്‍.ഹെലെന്‍.സില്ക്‍സ്മിത



ആലപ്പുഴ കൈചൂണ്ടിമൂക്കിലെ വിദ്യാതീയറ്റര്‍ ഈയിടെ കല്യാണമണ്ഡപമായി . തുടക്കത്തില്‍ അങ്ങനെയായിരുന്നില്ലെങ്കിലും പിന്നീട് ഈ അടുത്തകാലം വരെ 'ബിറ്റൊട്ടിച്ച' 'എ' പടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന തീയറ്റര്‍ . എത്രയോ തവണ ആ തീയറ്ററില്‍ സിനിമകള്‍ കണ്ടിരിക്കുന്നു . കേവലനായ ഒരു മലയാളിയുടെ കൌമാരം . അവിടെ വെച്ചാണ് ആദരണീയയായ അഭിനേത്രി സില്‍ക്സ്മിതയുടെ 'ലയനം'  'അന്‍റ്ര് പെയ്ത മഴയിനിലെ' തുടങ്ങിയ ചിത്രങ്ങള്‍ കണ്ടത് . പോസ്റ്ററില്‍ സ്മിതയുള്ളതുകൊണ്ടു മാത്രം കണ്ട നിരവധി ചിത്രങ്ങളുണ്ട് . 'അന്‍റ്ര് പെയ്ത മഴയിനിലെ' എന്ന ചിത്രത്തില്‍ അശോക് കുമാറിന്റെ ക്യാമറ സ്മിതയെ പ്രകാശവതിയാക്കി . സ്ത്രീയുടെ എണ്ണമറ്റ നിറങ്ങളുള്ള വെളിച്ചം കൊണ്ട് മറ്റൊരു സ്മിതയെ അശോക് കുമാറിന്റെ ക്യാമറ പ്രകാശനം ചെയ്തു . മികച്ച സിനിമയൊന്നുമല്ലെങ്കിലും അതില്‍ ഉടനീളം വരുന്ന സ്മിത വേറിട്ടു നിന്നു . മഴയില്‍ സ്മിതയുടെ ശരീരം പലപ്പോഴും അവര്‍ണ്ണതയെ ആഘോഷിച്ചു.

ഒരു സ്തീ , ശരീരം കൊണ്ട് ലോകത്തെ നേരിടുന്നതെങ്ങനെയെന്ന് സ്മിത കാണിച്ചു തന്നു . സ്വന്തം ശരീരത്തെ അവര്‍ ഭയപ്പെട്ടില്ല . അതിനെ ആയുധമാക്കി . ഉപരിപ്ളവമായ സദാചാരത്തിന്റെ , മേനി നടിക്കുന്ന മാന്യതയുടെ നെഞ്ചില്‍ അവര്‍ സ്വന്തം ശരീരത്തില്‍ നിന്ന് നിറയൊഴിച്ചു . സിനിമയില്‍ സ്ത്രീശരീരം അതിന്റെ രാഷ്ട്രീയപ്രഖ്യാപനം നടത്തിയത് , അതിന്റെ ഭാഷ കണ്ടെത്തിയത് , അതിന്റെ സൌന്ദര്യശാസ്ത്രം നിര്‍മ്മിച്ചത് സത്യത്തില്‍ നായിക നടിമാരിലൂടെയായിരുന്നില്ല(അപൂര്‍വം അപവാദങ്ങള്‍ കണ്ടേക്കാമെങ്കിലും) . ഹെലനേയും സ്മിതയേയും പോലുള്ള അത്ഭുത നടിമാരിലൂടെയായിരുന്നു . ഇതൊന്നും അവര്‍ അറിഞ്ഞു കൊണ്ടു നടത്തിയ ഇടപെടലുകളായിരുന്നില്ല . ജീവിക്കാന്‍ വേണ്ടി കെട്ടിയ വേഷങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് , തന്നെ ആദര്‍ശവല്‍ക്കരിക്കാനും സിദ്ധാന്തവല്‍ക്കരിക്കാനുമുള്ള ഏതൊരാളുടെ ശ്രമത്തേയും ജീവിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ , സ്മിത പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുമായിരുന്നു . ജീവിക്കാന്‍ വേണ്ടി ഷേക്സ്പിയര്‍ എഴുതിയ നാടകങ്ങള്‍ പില്ക്കാലത്ത് വിശ്വസാഹിത്യമായതു പോലെ സ്മിത കെട്ടിയ വേഷങ്ങള്‍  അതിന്റെ മറ്റൊരു പില്‍ക്കാലം നിര്‍മ്മിക്കുന്നു എന്നമട്ടില്‍ സിദ്ധാന്തവല്‍ക്കരണങ്ങളെ ,ആദര്‍ശവല്‍ക്കരണങ്ങളെ ന്യായീകരിക്കാന്‍ കഴിഞ്ഞേക്കും . ഒരു വ്യക്തി അയാളെ കുറിച്ച് കാണുന്നത് പില്‍ക്കാലത്തിന്റെ കാഴ്ചയാകണമെന്നുമില്ല . അപ്പോഴും വ്യക്തിയെന്ന നിലയില്‍ സ്മിത അനുഭവിച്ച സംഘര്‍ഷങ്ങളും അവരുടെ ദാരുണമായ സ്വയംബലിയും ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുക തന്നെ ചെയ്യും.

ഇത് പോണ്‍സൈറ്റുകളുടെ കാലം . കാലം സ്മിതയല്ല . ഹെലനുമല്ല . അത് ഒഴുകും . അതിന്റെ വ്യതിയാനങ്ങളിലേക്കു പോകും . അതിന്റെ സാധ്യതകളില്‍ അഭ്രമിക്കും . പുതിയ കാലം പുതിയ രീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു മാത്രം . അതേ സമയം ,  പോണ്‍സൈറ്റുകളിലെ പെരുകിപ്പുളക്കുന്ന യാന്ത്രികരതിയുടെ മരിച്ച സൌന്ദര്യശാസ്ത്രത്തെ ഒരു നോട്ടത്തിലൂടെ - ഒരു ചിരിയിലൂടെ - കവിതയെ , കലാപത്തെ ശരീരചലനങ്ങളിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ ഹെലനും സ്മിതയും   അതിജീവിച്ചു കൊണ്ടിരിക്കും . സൈബര്‍ ലോകത്തെക്കുറിച്ച് സൂക്ഷ്മവിചാരങ്ങള്‍ നടത്തിയRutger Gutharie  'Anatomy of the Unreal: From the Real'  എന്ന ലേഖനത്തില്‍ പോണ്‍ സൈറ്റുകളെക്കുറിച്ചെഴുതിയത് ഇതിനോട് ചേര്ത്തു വായിക്കാമെന്ന് തോന്നുന്നു : Men and women aren't there;even their shadows . It is a non socio-political region ,producing boredom as a burden.

വിദ്യാതീയറ്റര്‍  അടഞ്ഞ അദ്ധ്യായമായിരിക്കുന്നു . അതില്‍ ഖേദിക്കാന്‍ ഒന്നുമില്ല .  എന്നാല്‍ സ്മിത അവസാനിക്കുന്നില്ല . ഹെലെന്നും.

No comments:

Post a Comment